മുൻകൂർ ജാമ്യാപേക്ഷകളിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.ജാമ്യാപേക്ഷകൾ ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ അവയിൽ തീർപ്പ് കൽപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ദീർഘകാലം ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾ പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യം ഉൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നിരവധി കേസുകൾ ജാമ്യം ലഭിക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ നിർദേശം.