Share this Article
News Malayalam 24x7
'കെ ടെറ്റ് ഇല്ലാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞുവെയ്ക്കില്ല'; വി ശിവന്‍കുട്ടി
V Sivankutty

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളിൽ നിർണ്ണായക തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. അധ്യാപക നിയമനത്തിനുള്ള ഭിന്നശേഷി സംവരണത്തിലും കെ-ടെറ്റ് (K-TET) യോഗ്യതയില്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിലും മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങളെടുത്തു.

എൻ.എസ്.എസ്. (NSS) മാനേജ്‌മെന്റിന് കീഴിലുള്ള സ്കൂളുകൾക്ക് അനുകൂലമായി വന്ന കോടതി ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ (AG) നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ 20,000-ത്തോളം അധ്യാപകരുടെ നിയമനം നിയമപരമായ തടസ്സങ്ങളില്ലാതെ സ്ഥിരപ്പെടും. ഭിന്നശേഷി നിയമനത്തിനായി മാറ്റിവെച്ച തസ്തികകൾ ഒഴികെയുള്ള സീറ്റുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്ന നടപടികൾ രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.


കെ-ടെറ്റ് യോഗ്യത നേടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്കും സർക്കാർ വലിയ ആശ്വാസം നൽകി. ഇത്തരത്തിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ ഇവർ ജോലിയിൽ പ്രവേശിച്ച് രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പരീക്ഷ പാസായിരിക്കണം എന്ന നിബന്ധനയുണ്ട്. യോഗ്യതയില്ലാത്തത് അധ്യാപകരുടെ സ്ഥാനക്കയറ്റത്തെയോ ശമ്പളത്തെയോ നിലവിൽ ബാധിക്കില്ല. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് നിയമനം ലഭിച്ചവർക്കും നെറ്റ്, സെറ്റ്, എം.ഫിൽ, പിഎച്ച്.ഡി തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കും ശമ്പള സ്കെയിലിൽ താൽക്കാലിക അംഗീകാരം നൽകാനും തീരുമാനമായിട്ടുണ്ട്.


സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും ഈ മാറ്റങ്ങൾ നടപ്പിലാക്കുക. മാനേജ്‌മെന്റുകളുടെയും അധ്യാപക സംഘടനകളുടെയും ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories