തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നേരത്തെ മേയ് 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനം."
കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഭേദഗതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മേയ് അഞ്ച് മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ നോട്ടിസ് അയച്ച് തുടങ്ങിയത്. ജൂൺ നാലുവരെമാത്രമേ ഇതുണ്ടാകൂ. ഇതിനുശേഷം പിഴനോട്ടീസ് അയച്ചുതുടങ്ങും. ഉദ്യോഗസ്ഥതലത്തിൽ പ്രാഥമിക പരിശോധന നടത്തിയശേഷമാകും പിഴ ചുമത്തുക.