Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച; ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍
Sabarimala Gold Theft Case

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, കർണാടക ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പത്മകുമാർ ഹൈക്കോടതിയെ സമീപിച്ചത്.


പ്രതികളുടെ ജാമ്യാപേക്ഷകളെ ശക്തമായി എതിർത്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സന്നിധാനത്തെ ശ്രീകോവിലിൽ എവിടെയൊക്കെ സ്വർണമുണ്ടോ അത് മുഴുവൻ കവർന്നെടുക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു കവർച്ചാ ആസൂത്രണമാണ് നടന്നതെന്നാണ് എസ്.ഐ.ടി.യുടെ ഗുരുതര കണ്ടെത്തൽ. മഹസറിൽ 'പിച്ചളപ്പാളി' എന്നതിനെ 'ചെമ്പുപാളി' എന്ന് പത്മകുമാർ മനപ്പൂർവ്വം തിരുത്തി എഴുതിയെന്ന് എസ്.ഐ.ടി. ആരോപിക്കുന്നു. അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ അനുമതി നൽകിക്കൊണ്ട് പത്മകുമാർ സ്വന്തം കൈപ്പടയിൽ എഴുതിയതായും റിപ്പോർട്ടിലുണ്ട്. കൂടാതെ, കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ഗോവർധനൻ, പങ്കജ് ഭണ്ഡാരി, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ ബംഗളൂരുവിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.


താൻ നിരപരാധിയാണെന്നും തീരുമാനങ്ങൾ വ്യക്തിപരമല്ല, മറിച്ച് ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നുമാണ് പത്മകുമാറിന്റെ വാദം. തന്ത്രിയാണ് ഇതിൽ ഉത്തരവാദിയെന്ന വാദം പത്മകുമാർ ഉന്നയിക്കുന്നുണ്ടെങ്കിലും, തന്ത്രി മഹസറിൽ ഒപ്പിട്ടിട്ടില്ലെന്ന് എസ്.ഐ.ടി. കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, താൻ ശബരിമലയിലേക്ക് പലപ്പോഴായി കോടിക്കണക്കിന് രൂപ സ്പോൺസർ ചെയ്തിട്ടുള്ള ആളാണെന്നും അതിനാൽ സ്വർണം മോഷ്ടിക്കേണ്ട കാര്യമില്ലെന്നുമാണ് ഗോവർധനൻ ജാമ്യാപേക്ഷയിൽ പറയുന്നത്. കേസിൽ വാദം പൂർത്തിയായ ശേഷമായിരിക്കും ഹൈക്കോടതി ജാമ്യാപേക്ഷകളിൽ വിധി പ്രസ്താവിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories