ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെയും അന്താരാഷ്ട്ര എണ്ണ വിപണിയിലെ അമേരിക്കയുടെ ഇരട്ടത്താപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ നേരത്തെ അമേരിക്ക ഇന്ത്യയെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും എന്നാല്‍ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ അമേരിക്കയുടെ നിലപാട് മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) അബ്ബാസ് അരാഖ്ചി തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. നിലവില്‍ റഷ്യന്‍ എണ്ണ വിപണിയില്‍ ലഭ്യമാക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സഹായം തേടേണ്ടി വന്നിരിക്കുകയാണ്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ അമേരിക്ക ഇപ്പോള്‍ രാജ്യങ്ങളോട് കെഞ്ചുകയാണെന്നും ഈ സാഹചര്യം ഏറെ 'ദയനീയം' (Pathetic) ആണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരായ നീക്കത്തില്‍ അമേരിക്ക തങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യാമോഹിച്ച യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ സമാനമായ പ്രതിസന്ധിയിലാണ്.
ഇറാന്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്താണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായും ഇറാന്‍ വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്താണെന്നും നയതന്ത്ര തലത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊള്ളുമെന്നും മോദി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ സ്വതന്ത്രമായ നയതന്ത്ര നിലപാടുകള്‍ക്ക് ലഭിക്കുന്ന അംഗീകാരമായി കൂടിയാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.