പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കെതിരെ സന്ധിയില്ലാത്ത കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കുറ്റവാളികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം കുടുംബത്തിന് ഉറപ്പാക്കും. കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നും കൃത്യം ചെയ്തവര്‍ അര്‍ഹമായ ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം പോലുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഇത്തരം കിരാതമായ പ്രവൃത്തികള്‍ വലിയ കളങ്കമാണ് ഉണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം അതീവ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
വിശദമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും മരിച്ചയാളുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.