ശബരിമല സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെതിരെ പാർട്ടി തലത്തിൽ ഉടൻ നടപടി സ്വീകരിക്കില്ല. ഇന്ന് രാവിലെ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പൊലീസ് അന്വേഷണം നടന്നു വരുന്ന സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിച്ച ശേഷം മാത്രം പത്മകുമാറിനെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിച്ചാൽ മതിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതും, അന്വേഷണ റിപ്പോർട്ട് പൂർത്തിയാകാത്തതും കണക്കിലെടുത്താണ് നടപടി വൈകിപ്പിക്കുന്നത് എന്നാണ് സൂചന. കേസിൽ പത്മകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം പൂർത്തിയായ ശേഷം ശക്തമായ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.