ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ ഓഗസ്റ്റ് 5-നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരും മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ദുരന്തമുണ്ടായി 52 ദിവസങ്ങൾക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം.
ഓഗസ്റ്റ് 5-ന് ധരാലി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള പ്രളയത്തിൽ 5 പേർ മരിക്കുകയും 67 പേരെ കാണാതാവുകയും ചെയ്തിരുന്നു.കാണാതായ 67 പേരിൽ 25 പേർ നേപ്പാളി പൗരന്മാരാണ്.ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ ആവശ്യമായ ഏഴ് വർഷത്തെ കാത്തിരിപ്പ് ഒഴിവാക്കി, ബന്ധുക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതിയോടെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.
നേരത്തെ, ദുരന്തബാധിത കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ ചെക്ക് ധരാലിയിലെയും ഹർശിലിലെയും ഗ്രാമീണർ നിഷേധിക്കുകയും ദുരിതാശ്വാസത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കുന്നു എന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ചതോടെ, ദുരിതബാധിത കുടുംബങ്ങൾക്ക് ഇനി ധനസഹായം ലഭിക്കാൻ അർഹതയുണ്ടാകും.