തദ്ദേശ ഭരണ ഉപതെരെഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. പത്തൊമ്പതിൽ ഒമ്പത് സീറ്റ് എൽഡിഎഫ് നേടി. ഇതിൽ രണ്ടിടത്ത് ബിജെപിയിൽ നിന്നും ഒരിടത്ത് യുഡിഎഫിൽ നിന്നും പൂഞ്ഞാറിൽ പി സി ജോർജിന്റെ പാർട്ടിയിൽ നിന്നും സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. നിലവിൽ ഒമ്പത് സീറ്റുകളായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്.
യുഡിഎഫിന് ഒമ്പത് സീറ്റുണ്ട്. ഇതിൽ മൂന്ന് സീറ്റ് കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച സീറ്റുകളാണ്. 2020 ൽ എൽഡിഎഫ് ഒരു വോട്ടിനും നാലു വോട്ടിനും ഭൂരിപക്ഷത്തിന് ജയിച്ച രണ്ട് വാർഡുകൾ ഈ പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിലെ മൈലപ്ര, പാലക്കാട് മുതലമട, കണ്ണൂരിൽ ചെറുതാഴം എന്നിവിടങ്ങളിലാണ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചത്. ഇതിൽ മുതലമടയിൽ നാലു വോട്ടിനും ചെറുതാഴത്ത് ഒരു വോട്ടിനുമാണ് കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചത്
ബിജെപിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റും പോയി. രണ്ടിടത്തും എൽഡിഎഫാണ് ജയിച്ചത്. എന്നാൽ പാലക്കാട്ട് ഒരു സീറ്റ് അവർക്ക് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനായി. കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലുമാണ് ബിജെപി സീറ്റുകൾ എൽഡിഎഫ് പിടിച്ചത്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിലാണ് യുഡിഎഫ് സീറ്റ് പിടിച്ചത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ പിസി ജോർജിന്റെ ജനപക്ഷം ജയിച്ച വാർഡും ഇക്കുറി എൽഡിഎഫ് പിടിച്ചെടുത്തു.