Share this Article
News Malayalam 24x7
സിപിഐഎമ്മില്‍ വീണ്ടും കത്ത് വിവാദം; എം എ ബേബിക്ക് പരാതി നൽകിയത് ചെന്നൈ വ്യവസായി
New Letter Controversy Erupts in Kerala CPI(M); Chennai-Based Industrialist Files Complaint with MA Baby

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും കത്ത് വിവാദം. പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് അതീവ രഹസ്യമായി നൽകിയ പരാതി ചോർന്നുവെന്ന് കാണിച്ച് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് പുതിയ പരാതി നൽകി. കത്ത് ചോർത്തിയതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാം ആണെന്നും പരാതിയിൽ സംശയം പ്രകടിപ്പിക്കുന്നു.


യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി രാജേഷ് കൃഷ്ണയ്‌ക്കെതിരെ മുഹമ്മദ് ഷർഷാദ് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അതീവ രഹസ്യമായി ഒരു പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയുടെ പകർപ്പ്, രാജേഷ് കൃഷ്ണ തനിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ തെളിവായി ഹാജരാക്കിയതോടെയാണ് ചോർന്ന വിവരം ഷർഷാദ് അറിയുന്നത്.


പാർട്ടിക്ക് മാത്രം നൽകിയ രഹസ്യ പരാതി എങ്ങനെ എതിർകക്ഷിയായ രാജേഷ് കൃഷ്ണയ്ക്ക് ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷർഷാദ് ഇപ്പോൾ എം.എ ബേബിയെ സമീപിച്ചിരിക്കുന്നത്. രാജേഷ് കൃഷ്ണയുമായി അടുത്ത ബന്ധം പുലർത്തുന്ന എം.വി ഗോവിന്ദന്റെ മകൻ ശ്യാമിന് കത്ത് ചോർച്ചയിൽ പങ്കുണ്ടോ എന്ന് താൻ സംശയിക്കുന്നതായും ഷർഷാദിന്റെ പുതിയ പരാതിയിൽ പറയുന്നു. പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള നിരവധി വിവരങ്ങൾ അടങ്ങിയതാണ് യഥാർത്ഥ പരാതി. വിദേശ ഫണ്ടിംഗ്, തീരദേശ വികസന പദ്ധതികളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ, മന്ത്രിമാരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ തെളിവു സഹിതമാണ് ആദ്യ പരാതിയിൽ ഉണ്ടായിരുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories