മുൻകാലങ്ങളിലെ രൂക്ഷമായ വിമർശനങ്ങൾക്കും രാഷ്ട്രീയ വൈര്യങ്ങൾക്കും വിരാമമിട്ട് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്ക് ശേഷം മംദാനിയെ വാനോളം പ്രശംസിച്ച ട്രംപിന്റെ പുതിയ നിലപാട് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. ന്യൂയോർക്കിന്റെ മികച്ച മേയർ ആയിരിക്കും മംദാനി എന്നാണ് ട്രംപ് പ്രതികരിച്ചത്.
ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് എടുത്തുപറഞ്ഞു. നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്നും മംദാനിയുടെ ആശയങ്ങളോട് താൻ യോജിക്കുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നേരത്തെ, മംദാനിയുടെ തിരഞ്ഞെടുപ്പിനെതിരെ ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. മംദാനി ന്യൂയോർക്ക് മേയറായാൽ നഗരം നശിക്കുമെന്നും കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടാകുമെന്നും ട്രംപ് പ്രവചിച്ചിരുന്നു. കൂടാതെ, മംദാനിക്ക് വോട്ട് ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ട്രംപിനെതിരെ മംദാനിയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ന്യൂയോർക്ക് ട്രംപിന്റെ തറവാട്ടുസ്വത്തല്ലെന്നും കുടിയേറ്റക്കാരുടെ നാടാണെന്നും തർത്തിലുള്ള പ്രസ്താവനകൾ മംദാനി നടത്തിയിരുന്നു. പരസ്പരം കടുത്ത വാക്കുകൾ ഉപയോഗിച്ച് വിമർശിച്ച രണ്ട് നേതാക്കൾ തമ്മിലുള്ള ഈ സൗഹൃദപരമായ കൂടിക്കാഴ്ച അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.