ആഗോള ആണവ കരാറിൽ അന്തിമ തീരുമാനമായില്ലെങ്കിൽ ഇറാനെതിരെ പരിമിതമായ തോതിൽ സൈനിക ആക്രമണം നടത്താൻ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാർ ചർച്ചകൾക്കായി 15 ദിവസത്തെ സമയമാണ് ട്രംപ് ഇറാനു അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളിൽ അർത്ഥവത്തായ ഒരു കരാറിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഇറാനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.
ഒന്നെങ്കിൽ ആണവ കരാർ ഉണ്ടാക്കുക, അല്ലെങ്കിൽ ആക്രമണം നേരിടുക എന്ന നിലപാടിലാണ് അമേരിക്ക. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ദൗർഭാഗ്യകരമാകുമെന്ന് ബോർഡ് ഓഫ് പീസ് സമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. അടുത്ത 10 ദിവസത്തിനുള്ളിൽ ഇറാൻ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ സൈനിക നീക്കം നടത്താൻ യുഎസ് സൈന്യം സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഈ വാരാന്ത്യത്തോടെ ഇറാനെതിരെ ആക്രമണം നടത്താൻ തയ്യാറാണെന്ന് സൈനിക നേതൃത്വം വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ കർക്കശ നിലപാടോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനത്തിരിക്കുകയാണ്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികളിൽ മാറ്റം വരുത്താൻ തയ്യാറായില്ലെങ്കിൽ മേഖല മറ്റൊരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.