മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച് മരണപ്പെട്ടവരുടെ എണ്ണം 9 ആയി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കഫ് സിറപ്പ് കഴിച്ച് കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ചത്. ഒരാഴ്ചയ്ക്കിടെയാണ് 9 പേര്‍ മരിച്ചത്.
ചിന്ദ്വാരയിലെ ചിരാന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച 'കോൾഡ്റിഫ്' എന്ന ചുമമരുന്ന് കഴിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചതോടെയാണ് മധ്യപ്രദേശിൽ സംഭവങ്ങളുടെ തുടക്കം. ഡെക്സ്ട്രോമെത്തോർഫാൻ എന്ന രാസവസ്തു അടങ്ങിയ ഈ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും കിഡ്നി തകരാറിലായി മരിക്കുകയുമായിരുന്നു. സെപ്റ്റംബർ 29-നാണ് ഈ മരണം റിപ്പോർട്ട് ചെയ്തത്. ഇതിനുമുമ്പ് സെപ്റ്റംബർ 22-ന് ഒരു കുട്ടിയുടെ മാതാപിതാക്കളും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഈ മരുന്നിനെ തുടർന്നാണ് തന്റെ കുട്ടി മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഇതോടെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടത്.
ചിന്ദ്വാരയിലെ സർക്കാർ ആശുപത്രികളിൽ മുഖ്യമന്ത്രിയുടെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത കോൾഡ്റിഫ് സിറപ്പുകളാണ് മരിച്ച കുട്ടികൾ കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജസ്ഥാനിലെ സിക്കർലി, ഭരത്പൂർ സർക്കാർ ആശുപത്രികളിൽ നിന്നും വിതരണം ചെയ്ത സമാനമായ മരുന്നുകളാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. രാജസ്ഥാനിൽ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തമിഴ്നാട്ടിൽ കോൾഡ്റിഫ് മരുന്ന് നിരോധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ കോൾഡ്റിഫ് മരുന്നുകൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇനിയും എത്ര കുട്ടികൾ ഈ മരുന്ന് വാങ്ങി കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തുടനീളം ഈ മരുന്നിന്റെ വിതരണം തടയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.