ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത് ചേരും. യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, എയിംസുമായി ബന്ധപ്പെട്ട തർക്കങ്ങൾ, മറ്റ് സാമൂഹിക പ്രശ്നങ്ങൾ, ന്യൂനപക്ഷ വിഷയങ്ങൾ എന്നിവ ചർച്ചയാകും.
പുതിയ സംസ്ഥാന സമിതി വന്നതിനുശേഷം ആദ്യമായാണ് യോഗം ചേരുന്നത് എന്നതിനാൽ ഈ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്തുണ്ടായ വിഷയങ്ങളും ബിജെപിക്കുള്ളിലെ തർക്കങ്ങളും ചർച്ച ചെയ്യപ്പെടും.
എയിംസ് വിഷയത്തിൽ തൃശ്ശൂർ, ആലപ്പുഴ, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ നേതാക്കൾ എയിംസ് തങ്ങളുടെ ജില്ലയിൽ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എയിംസ് സംബന്ധിച്ച പ്രഖ്യാപനം പോലും വരുന്നതിന് മുമ്പേ ഈ വിഷയം ബിജെപിക്കുള്ളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രികൂടിയായ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ.
അമിത് ഷാ മുന്നോട്ട് വെച്ച 'മിഷൻ 2025' എന്ന ലക്ഷ്യം യോഗത്തിൽ ചർച്ച ചെയ്യും. 2025-ഓടെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ 25% വോട്ട് നേടുക, തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ പിടിച്ചെടുക്കുക, 100 ഗ്രാമപഞ്ചായത്തുകൾ നേടുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് അമിത് ഷാ രണ്ട് തവണ ചർച്ച നടത്തിയിരുന്നു.
വിശ്വാസികൾക്കൊപ്പം നിന്നുകൊണ്ട് കേരളത്തിൽ പരമാവധി വോട്ടുകൾ നേടിയെടുക്കാനും മതഭൂരിപക്ഷ വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും. സമീപ ദിവസങ്ങളിൽ വലിയ ചർച്ചയായി മാറിയ ശബരിമല വിഷയവും യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ തവണ ശബരിമല സംരക്ഷണ സമിതി വലിയ വിജയം നേടിയത് ബിജെപിയുടെ പിന്തുണയോടെയാണെന്നാണ് പാർട്ടി വിലയിരുത്തൽ.