Share this Article
Union Budget
സിബിഐ അന്വേഷണം ആവശ്യമില്ല, ഹർജി പൊതുതാൽപ്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നും തന്നെയും മകളെയും ടാർഗറ്റ് ചെയ്യുന്നതെന്നും മാസപ്പടി കേസിൽ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി മുഖ്യമന്ത്രി
വെബ് ടീം
posted on 09-06-2025
1 min read
cm

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മാധ്യമപ്രവർത്തകനായ എം. ആർ. അജയന്റെ ഹർജി പൊതുതാൽപ്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നും, ഹർജിക്കാരന് കേസുമായി നേരിട്ട് ബന്ധമില്ലെന്നുമാണ് ഹൈക്കോടതിയിൽ  നൽകിയ  മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത്.

ഹർജിയിൽ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു.ആദായ നികുതി വകുപ്പിന്റെ ഇൻ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് എം. ആർ. അജയന്റെ ഹർജിയെന്ന് മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. തന്നെയും മകളെയും ടാർജറ്റ് ചെയ്യുന്നതാണ് ഹർജി. നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിൽ മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ടതില്ല. രണ്ട് കമ്പനികൾ തമ്മിലെ സാമ്പത്തിക ഇടപാട് മാത്രമാണിതെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

അഴിമതി അന്വേഷിക്കുന്ന സർക്കാർ ഏജൻസികളെ കേസുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ സമീപിച്ചിരുന്നില്ല. അന്വേഷണം വേണ്ടെന്ന വിജിലൻസ് കോടതി ഉത്തരവിനെയും ചോദ്യം ചെയ്തിട്ടില്ല. പകരം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാത്ത നടപടി ഫെഡറൽ ബന്ധങ്ങളെ നിലനിർത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാകുമെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.മുഖ്യമന്ത്രിക്കും മകള്‍ ടി. വീണയ്ക്കും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ്റെ ഹർജി. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനികളും ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ള സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് കേസിലെ മറ്റ് എതിര്‍കക്ഷികള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories