സംസ്ഥാനത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ്, പ്ലസ് ടു മെയിൻ പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി കെ.എസ്.യു രംഗത്ത്. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നിലവിലെ ടൈംടേബിൾ എന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. നിലവിലെ ടൈംടേബിൾ പ്രകാരം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകളും പ്ലസ് ടു മെയിൻ പരീക്ഷകളും ഒരേ ദിവസങ്ങളിൽ വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷാ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കെ.എസ്.യു കത്തിൽ പറയുന്നു. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ആവശ്യമായ നിർദ്ദേശം നൽകണമെന്നും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.