തിരുവല്ല: പാമ്പിനെ നേരിട്ട്, കൊന്ന് തക്കസമയത്ത് ഉടമയുടെ ജീവൻ രക്ഷിച്ച് റോക്കി എന്ന നായ. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന മൂർഖൻ പാമ്പിനെയാണ് റോക്കി എന്ന് വിളിപ്പേരുള്ള നായ നേരിട്ടത്. പാമ്പിനെ കടിച്ച് കുടഞ്ഞ റോക്കിക്ക് പാമ്പിന്റെ കടിയുമേറ്റു. ഗുരുതര നിലയിലായ നായ അപകടനില തരണം ചെയ്തിട്ടുണ്ട്.
പച്ച തോട്ടുകടവ് തുഷാരയുടെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിദേശത്തുനിന്ന് വരുന്ന ഭർത്താവ് സുഭാഷ് കൃഷ്ണയെ വിളിക്കാനായി വീട്ടുടമ തുഷാര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാൻ വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. തക്കസമയത്തുള്ള ഇടപെടലിലൂടെയാണ് റോക്കി തുഷാരയെ പാമ്പുകടിയിൽനിന്ന് രക്ഷിച്ചത്.റോക്കിയെ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ പെറ്റ്സ് ആശുപത്രിയിലേക്ക് മാറ്റി.