Share this Article
News Malayalam 24x7
അശ്ലീല വിഡിയോ കാസെറ്റുകൾ കടയിൽ സൂക്ഷിച്ച കേസ്: കടക്കാരനായ കോട്ടയം സ്വദേശി 28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തൻ
വെബ് ടീം
7 hours 29 Minutes Ago
1 min read
video

കൊച്ചി: വാടകയ്ക്ക് എടുക്കാൻ വരുന്ന ഉപയോക്താക്കൾക്ക് നൽകാൻ അശ്ലീല വിഡിയോ കാസെറ്റുകൾ കടയിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് പിടിയിലായ കടക്കാരനെ 27 വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. കോട്ടയം കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി വെറുതേവിട്ടത്. പിടിച്ചെടുത്ത വിഡിയോ കാസെറ്റിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന വാദം അംഗീകരിച്ചാണ് നടപടി. സാക്ഷിമൊഴികൾ എത്രയുണ്ടെങ്കിലും തന്‍റെ മുമ്പാകെ ഹാജരാക്കിയ തെളിവുകൾ നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുക എന്നത് മജിസ്ട്രേറ്റ് ചെയ്യേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കാസെറ്റുകൾ മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ല എന്നതിനാൽ ഇന്ത്യൻ തെളിവു നിയമം അനുസരിച്ച് കേസ് നിലനിൽക്കില്ല എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിന്യായത്തിൽ വ്യക്തമാക്കി.1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തിൽ ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള കാസറ്റ് കടയിൽനിന്ന് പൊലീസ് 10 കസെറ്റുകൾ പിടിച്ചെടുത്തു എന്നും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്നുമാണ് കേസ്. അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്നതോ, വിതരണം ചെയ്യുന്നതോ, വാണീജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292 വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. തുടർന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതി ഇയാളെ 2 വർഷം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചു.

ഇതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ശിക്ഷാവിധി ഒരു വര്‍ഷമായും പിഴ 1000 രൂപയായും കുറച്ചു. തുടർ‌ന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഏഴാം സാക്ഷി ഉൾപ്പെടെ 7 സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ ഒന്നും രണ്ടും സാക്ഷികൾക്കൊപ്പം ഏഴാം സാക്ഷി കാസറ്റുകൾ കടയിൽ വച്ചുതന്നെ കണ്ട് ഇവയിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി എന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണത്തിനിടയിൽ തഹസിൽദാർ വിഡിയോ കസെറ്റുകൾ കാണുകയും ഇവയിൽ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് അന്നത്തെ പാമ്പാടി എസ്ഐയും കസെറ്റ് കണ്ട് ഇവയിൽ അശ്ലീലദൃശ്യങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുത്തി. തഹസിൽദാർക്കൊപ്പമാണ് എസ്ഐ കാസറ്റ് കണ്ടത്.

താൻ കടയുടെ ഉടമസ്ഥനല്ലെന്നും മറ്റൊരാളെയാണു കടയിൽനിന്ന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും വിചാരണ കോടതി ഇത് അനുവദിച്ചിരുന്നില്ല. ഇക്കാര്യം ഹൈക്കോടതിയിലെ വാദത്തിനിടയിൽ ഹർജിക്കാർ ഉന്നയിച്ചില്ല. എന്നാൽ പിടിച്ചെടുത്ത വിഡിയോ കാസറ്റിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോ എന്ന് കേസ് കേട്ട മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന് ഹർജിക്കാർ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. സാക്ഷിമൊഴികൾ എത്രയുണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവു നേരിട്ടു പരിശോധിച്ച് ഉറപ്പാക്കുക എന്നത് മജിസ്ട്രേറ്റ് ചെയ്യേണ്ട കാര്യമായിരുന്നു എന്നു കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ ആ കാസറ്റുകളിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ട് എന്ന പേരില്‍ ഹർജിക്കാരനെ ശിക്ഷിച്ചതും കേസും റദ്ദാക്കുന്നു എന്നും കോടതി ഉത്തരവിട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories