കൊച്ചി: ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ട്വന്റി 20 പ്രഖ്യാപിച്ച മറ്റൊരു സെലിബ്രിറ്റി സ്ഥാനാർഥിക്കും വോട്ടില്ല. ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച വീണാ നായരുടെ പേരാണ് വോട്ടർപട്ടികയിൽ ഇല്ലാത്തത്. ഇവരുടെ സ്ഥാനാർഥിത്വത്തിനു പകരം ആളെ കണ്ടെത്താനുള്ള ശ്രമം ട്വന്റി 20 നടത്തുകയാണ്.
വീണ നായരുടെ പ്രതികരണം ഇവിടെ ക്ലിക്ക് ചെയ്തു കാണാം
പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല എന്ന വിവരം നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സ്ഥാനാർഥിക്കുകൂടി വോട്ടില്ലെന്ന വിവരം വരുന്നത്. ഇതോടെ സീരിയൽ താരങ്ങളേയും ബിഗ്ബോസ് താരങ്ങളേയും രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള ട്വന്റി 20-യുടെ സ്വപ്നം പാളുകയാണ്.
അതേ സമയം ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി പാത്തിക്കൽ പെരുമ്പാവൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയാകും.പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗവുമാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസ്സോസിയേഷന്‍ പെരുമ്പാവൂർ മേഖല സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്വന്റി 20 പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ സഹയാത്രികന്‍ കൂടിയായിരുന്നു ജിബി.