ബെംഗളൂരു: പാർട്ടിക്കിടയിൽ പൊലീസിനെ ഭയന്ന് ബാല്‍ക്കണിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ താഴേക്ക് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ബെംഗളൂരുവിലെ ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലുള്ള സീ ഈസ്റ്റ് ലോഡ്ജില്‍ യുവതിയും കൂട്ടുകാരും പാര്‍ട്ടി നടത്തുകയായിരുന്നു.യുവതിക്കൊപ്പം ആറ് പേരാണ് ഉണ്ടായിരുന്നത്.
ഹോട്ടലിലെ മൂന്ന് റൂമുകളാണ് യുവാക്കള്‍ ബുക്ക് ചെയ്തിരുന്നത്. പുലര്‍ച്ചെ ഒരു മണി മുതല്‍ 5 മണിവരെ നീണ്ടു നിന്ന പാര്‍ട്ടിയിലെ ശബ്ദം കാരണം അടുത്ത റൂമിലുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്.പൊലീസ് എത്തിയതോടെ ഭയന്ന പെണ്‍കുട്ടി നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ഡ്രെയിന്‍ പൈപ്പിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് നിലത്ത് വീണത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പിതാവിന്റെ പരാതിയില്‍ ലോഡ്ജ് ഉടമയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ലോഡ്ജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. ബാല്‍ക്കണിയില്‍ മതിയായ സുരക്ഷ ഒരുക്കിയിരുന്നെങ്കില്‍ അപകടമുണ്ടാകില്ലായിരുന്നുവെന്നും പരാതിയിലുണ്ട്.