വോട്ടിങ് പട്ടികയിലെ ക്രമക്കേടുകൾ, വോട്ട് ചോർച്ചാ ആരോപണങ്ങൾ എന്നിവ ഉന്നയിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങി കോൺഗ്രസ്. ഇതിൻ്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 1.30-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വിശാലമായ റാലി സംഘടിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും.
വോട്ട് പട്ടികയിൽ കൃത്രിമം കാണിച്ചു, പ്രതിപക്ഷത്തെ അനുകൂലിക്കുന്നവരുടെ പേരുകൾ വെട്ടിമാറ്റി, വ്യാജ വോട്ടർമാരെ ചേർത്തു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഈ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിക്ക് ശേഷം കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വോട്ട് പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിൻ്റെ ഈ ശക്തമായ പ്രതിഷേധ പരിപാടികൾ. രാജ്യത്തെ ഭരണഘടനയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഒരു സന്ദേശം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വോട്ട് ചോർച്ചാ ആരോപണങ്ങൾ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ഈ നിർണ്ണായക നീക്കം നടത്തുന്നത്.