ശബരിമല സ്വർണ്ണക്കവർച്ച സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് മൊഴി നൽകും. തിരുവനന്തപുരം ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം മൊഴി രേഖപ്പെടുത്തുക.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണ്ണപ്പാളികൾ പുരാവസ്തുവായി വിറ്റെന്നും, സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ അന്താരാഷ്ട്ര മാഫിയ സംഘമാണെന്നും, കവർച്ചയിൽ 500 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഈ ആരോപണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ഇന്ന് ചോദിച്ചറിയുക.
നേരത്തെ മൊഴി നൽകാനായി ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചിരുന്നെങ്കിലും അന്വേഷണ സംഘത്തിൻ്റെ അസൗകര്യം കാരണം മൊഴിയെടുപ്പ് മാറ്റിവെച്ചിരുന്നു. തുടർന്നാണ് ഇന്ന് മൊഴി നൽകാനായി ഹാജരാകുന്നത്. ഈ വെളിപ്പെടുത്തലുകൾ കേസിൻ്റെ അന്വേഷണത്തിൽ നിർണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.