കൊച്ചി: കേരളവിഷനും ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി കുടുംബശ്രീമിഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ്സ് 2024ന്‍റെ പോസ്റ്റര്‍ പുറത്തിറക്കി. രജത ജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീയിലെ സംരംഭക പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന മെഗാ പരിപാടിയുടെ പോസ്റ്ററാണ് പുറത്തിറക്കിയത്. എറണാകുളം സിഒഎ ഭവനില്‍ നടന്ന ചടങ്ങ് ചലച്ചിത്ര താരം ബിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്‍റെ പെണ്‍കരുത്തായ കുടുംബശ്രീയിലെ സംരംഭക പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന മെഗാ ഇവന്‍റായിരിക്കും കേരളവിഷനും ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ്സ് 2024. സാമൂഹ്യസേവനത്തിന്‍റെ മഹത്തായ ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷവേളയില്‍ സംരംഭക പ്രതിഭകളെ സാദരം സാഭിമാനം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്ന കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ്സ് 2024ന്‍റെ പോസ്റ്ററാണ് പ്രകാശനം ചെയ്തത്. സിഒഎ ആസ്ഥാനത്തെ എന്‍. എച്ച് അന്‍വര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം ബിബിന്‍ ജോര്‍ജ് പോസ്റ്റര്‍ ലോഞ്ച് ചെയ്തു.
ചടങ്ങിൽ സിഒഎ പ്രസിഡന്‍റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനായി.കേരളവിഷന്‍ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ് നോളജ് പാര്‍ട്നര്‍ ആയ യെല്ലോ ക്ലൗഡിന്‍റെ സാരഥി ശിവപ്രസാദ്, സിഡ്കോ പ്രസിഡന്‍റ് K വിജയകൃഷ്ണന്‍, കേരളവിഷന്‍ എംഡി പി.പി. സുരേഷ് കുമാര്‍, കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ് എന്നിവര്‍ പങ്കെടുത്തു.
സിഒഎ ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് കുമാര്‍ സ്വാഗതവും സിഒഎ ട്രഷറര്‍ ബിനു ശിവദാസ് നന്ദിയും പറഞ്ഞു.