ഭൂട്ടാൻ ആഡംബര കാർ കള്ളക്കടത്ത് കേസുമായി (ഓപ്പറേഷൻ നുമ്ഖോർ) ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ദുൽഖർ നൽകിയ മൊഴി പൂർണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിനും വിശദമായ അന്വേഷണത്തിനുമായി കസ്റ്റംസ് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസിൽ ദുൽഖറിനെ ഏഴ് മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. താൻ നിയമപരമായാണ് വാഹനങ്ങൾ വാങ്ങിയതെന്നും ഇതിനു പിന്നിൽ കള്ളക്കടത്തുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് താരം മൊഴി നൽകിയത്. എന്നാൽ ഇത് പൂർണമായി വിശ്വസിക്കാതിരിക്കുന്ന അന്വേഷണസംഘം, ദുൽഖറിന്റെ പേരിൽ കൂടുതൽ ആഡംബര വാഹനങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്.
അന്വേഷണ പരിധിയിലുള്ള നാല് ആഡംബര വാഹനങ്ങൾ എവിടെയെന്ന് കണ്ടെത്താനാണ് നിലവിൽ കസ്റ്റംസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിലടക്കം വിവിധയിടങ്ങളിൽ കസ്റ്റംസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മുൻപ് ദുൽഖറുമായി ബന്ധമുള്ള നിസാൻ പട്രോൾ, ലാൻഡ് റോവർ ഡിഫെൻഡർ, ലാൻഡ് ക്രൂയിസർ തുടങ്ങിയ വാഹനങ്ങൾ ഈ കേസിന്റെ അന്വേഷണ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിൽ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന്റെ പ്രൊമോഷനായി ഉപയോഗിച്ച നിസാൻ പട്രോൾ വാഹനം കളമശ്ശേരിയിലെ ഒരു ഷോറൂമിൽ നിന്നാണ് പിടിച്ചെടുത്തത്.
ഭൂട്ടാനിൽ നിന്നും നേപ്പാളിൽ നിന്നും വ്യാജ രേഖകൾ ചമച്ചും രജിസ്ട്രേഷൻ കൃത്രിമത്വത്തിലൂടെയും വൻതോതിൽ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് 'ഓപ്പറേഷൻ നുമ്ഖോർ' എന്ന പേരിൽ രാജ്യവ്യാപക അന്വേഷണം നടത്തുന്നത്. കേസിൽ ഇതിനകം ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ കാർ ഉടമകളെയും വാഹനം വാങ്ങിയവരെയും വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.