മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും ബലക്ഷയവും സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണുന്നതിനായി ജലത്തിനടിയിൽ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ (Upstream side) ദൃശ്യങ്ങൾ ശേഖരിച്ച് ഘടനയുടെ ഉറപ്പ് വിലയിരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
സുപ്രീം കോടതിയുടെയും കേന്ദ്ര ജലകമ്മീഷന്റെയും നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന നടപടി. അണക്കെട്ടിന്റെ 1200 അടി നീളമുള്ള ഭാഗത്തെ വിവിധ ഘട്ടങ്ങളിലായി തിരിച്ചാണ് പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തിൽ 100 അടി വീതിയുള്ള 12 ഭാഗങ്ങളായി തിരിച്ചും, തുടർന്ന് 50 അടി, 10 അടി എന്നിങ്ങനെ വീതിയുള്ള ഭാഗങ്ങളായി അണക്കെട്ടിന്റെ ഓരോ ഇഞ്ചും സൂക്ഷ്മമായി നിരീക്ഷിക്കും.
ഫ്രാൻസിൽ നിന്ന് എത്തിച്ച അത്യാധുനികമായ ആർ.ഒ.വി (ROV) ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനയിലൂടെ അണക്കെട്ടിന്റെ ഭിത്തിയിലെ വിള്ളലുകൾ, തേയ്മാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമാകും. അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് ഓരോ ഇടവേളകളിലും ചിത്രങ്ങൾ പകർത്തും.
അണക്കെട്ടിന്റെ ഭിത്തിയിലെ സിമന്റ് പ്ലാസ്റ്ററിങ്ങുകൾ ഇളകിപ്പോയതായും, നിർമ്മാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം പലയിടത്തും നഷ്ടപ്പെട്ട് കരിങ്കല്ലുകൾ തെളിഞ്ഞതായും മുൻപ് നടന്ന പഠനങ്ങളിൽ വ്യക്തമായിരുന്നു. നിലവിലെ പരിശോധനയിലൂടെ ഈ പ്രശ്നങ്ങൾ എത്രത്തോളം രൂക്ഷമാണെന്ന് കണ്ടെത്താൻ സാധിക്കും. പരിശോധനാ റിപ്പോർട്ട് സുപ്രീം കോടതിക്കും അണക്കെട്ട് മേൽനോട്ട സമിതിക്കും സമർപ്പിക്കും.