പിഎം ശ്രീ പദ്ധതി പിൻവലിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് സിപിഐ. പദ്ധതി പിൻവലിക്കുന്നതുവരെ നിസ്സഹകരണം തുടരാനാണ് സിപിഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സിപിഐ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. പിഎം ശ്രീ പദ്ധതിയെ എതിർക്കുന്ന കാര്യത്തിൽ സിപിഐ സംസ്ഥാന കൗൺസിലിൽ ഇതുവരെ കാണാത്ത ഐക്യം പ്രകടമായിരുന്നു.
സ്വതവേ മിതഭാഷിയും സൗമ്യനുമായ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് വിഷയത്തിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തേണ്ടി വന്നത് സാധാരണയായി കാണാത്ത ഒന്നാണ്. പദ്ധതി പിൻവലിക്കണമെന്ന നിലപാടിൽ മന്ത്രിമാർ ഉറച്ചുനിന്നു. മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ഇത് ഭരണത്തെ ബാധിക്കില്ലെന്നും മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയെ അറിയിച്ചു. സിപിഐയുടെ ഈ നിലപാടിനെ എൻസിപി മാത്രമാണ് നിലവിൽ എതിർക്കുന്നത്. ആർജെഡി ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പിഎം ശ്രീ പദ്ധതിയിൽ അത്ര യോജിപ്പില്ല.
പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സിപിഐ നേതാക്കളുമായി ഉടൻ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഉഭയകക്ഷി ചർച്ചയിൽ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കും. എന്നാൽ, പിഎം ശ്രീ പദ്ധതി പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനും സിപിഐ തയ്യാറാകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.