കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ്. കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. ട്വന്‍റി ട്വന്‍റിക്ക് 1600 സ്ഥാനാർഥികൾ രംഗത്തുണ്ടാകും.കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുമെന്നും സാബു എം ജേക്കബ് വിശദമാക്കി.
കൊച്ചി കോർപറേഷനിൽ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കും. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും.
അതേസമയം സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബർ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. മട്ടന്നൂർ നഗരസഭയിലും ഇത് ബാധകമാണ്.