സംസ്ഥാനത്ത് സ്പാ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാൻ പോലീസ്... ലഹരി ഉപയോഗവും അനാശാസ്യവും വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി ശക്തമാക്കുന്നത്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്പാകളടക്കമുളള കേന്ദ്രങ്ങളിലാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുയർന്നത്. കഴിഞ്ഞ ദിവസം ലഹരി പരിശോധനക്ക് എത്തിയ പൊലീസ് വൈറ്റിലയിലെ സ്പായിൽ നിന്ന് 11 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു.
സ്പായുടെ മറവിൽ ലഹരിയുപയോഗം നടക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് ഡാൻസഫ് സംഘം ഹോട്ടലിൽ പരിശോധനക്കെത്തിയത്. എന്നാൽ പൊലീസ് പരിശോധനയിൽ അനാശാസ്യം നടക്കുന്നതായി കണ്ടെത്തുകയായിരുന്നു.നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി സ്പാകളാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നത്.
സ്റ്റാർ ഹോട്ടലുകൾ മുതൽ സാദാ കെട്ടിടങ്ങളിൽ വരെ മണിക്കൂറിന് വലിയ തുക നിശ്ചയിച്ചാണ് ഇവരുടെ പ്രവർത്തനം. ലഹരി ഉപയോഗത്തിനു എതിരെ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയതോടെയാണ് സ്പാകൾ കേന്ദ്രീകരിച്ച് ഇവർ പ്രവർത്തനം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി സ്പാകളിലെ നിയമ വിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികൾ കർക്കശമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിൻറെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.