സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ (MEDISEP) പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ചു. നിലവിൽ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം തുക 810 രൂപയായാണ് ഉയർത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.
പ്രതിമാസം 310 രൂപയുടെ വർദ്ധനവാണ് പ്രീമിയത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു വർഷം ഇൻഷുറൻസ് ഇനത്തിൽ 8,237 രൂപയും ജി.എസ്.ടിയും ചേർത്ത് വലിയൊരു തുക ജീവനക്കാർ നൽകേണ്ടി വരും. അടുത്ത മാസം ഒന്നാം തീയതി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
പെൻഷൻകാരുടെ പ്രീമിയം തുക അവരുടെ പ്രതിമാസ പെൻഷനിൽ നിന്ന് നേരിട്ട് ഈടാക്കും. പദ്ധതിയിൽ നിന്നുള്ള ക്ലെയിമുകൾ വർദ്ധിച്ചതും ഇൻഷുറൻസ് കമ്പനിയുടെ ആവശ്യപ്രകാരവുമാണ് തുക വർദ്ധിപ്പിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കാതെ പ്രീമിയം വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.
പ്രീമിയം വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ തീരുമാനം. പ്രീമിയം തുക വർദ്ധിപ്പിച്ചത് ജീവനക്കാരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.