Share this Article
News Malayalam 24x7
ഞെട്ടിച്ച് മുട്ട വിപണി, രാജ്യം മുഴുവൻ ഏറ്റവും ഉയർന്ന നിലയിൽ മുട്ടവില; കോഴി മുട്ടയ്ക്ക് റെക്കോർഡ് വില
വെബ് ടീം
1 hours 53 Minutes Ago
1 min read
EGG

നാമക്കൽ: രാജ്യത്ത് മുട്ടവില കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. കേരളത്തിലേക്കുള്ള മുട്ടവരവിന്റെ പ്രധാന താവളമായ നാമക്കലിലും വില എന്നത്തേക്കാൾ ഉയർന്നു നിൽക്കുന്നു.

മുട്ടവില രേഖപ്പെടുത്തുന്ന സ്വതന്ത്ര ഏജൻസിയായ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ കണക്കിൽ രാജ്യത്താകെ വില ഉയർന്ന് നിൽക്കുന്നതായി കാണിക്കുന്നു. റാഞ്ചിയും വാരാണസിയിലുമാണ് ഏറ്റവും ഉയർന്ന വില.

കേരളത്തിൽ ചില്ലറ വില ഈ മാസം ആദ്യം തന്നെ ആറ് രൂപ അമ്പത് പൈസ മറികടന്നു. ദിവസങ്ങളായി വർധന രേഖപ്പെടുത്തുന്നു. പ്രധാന മുട്ടയുത്പാദന താവളമായ നാമക്കലിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വില 5.72 രൂപയിൽ എത്തി. ഈ മാസത്തെ ശരാശരി വിലയാണിത്.നവംബർ ഒന്നിന് എഗ് കോഡിനേഷൻ കമ്മിറ്റി രേഖപ്പെടുത്തിയ ശരാശരി വില 5.40 രൂപയാണ്. നവംബർ 21 ആയപ്പോൾ ഇത് 6.10 ൽ എത്തി. ചില്ലറ വില്പനയിൽ ഒരു മുട്ടയ്ക്ക് ഏഴ് രൂപയ്ക്ക് മുകളിൽ വരുന്ന പ്രവണതയാണ്.മൈസൂരുവിൽ മാസം ആദ്യം 5.95 രേഖപ്പെടുത്തിയ വില ഇപ്പോൾ 6.30 എത്തി നിൽക്കുന്നു. ഉത്പാദന കേന്ദ്രങ്ങളിൽ എല്ലാം ഓരോദിവസവും വില കൂടുകയായിരുന്നു.

അതേ സമയം ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് നിലവിലെ വില. മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വ്യാപാരികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ കോഴിമുട്ടയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരിക്കും അത്.

മുട്ടവില ഉയര്‍ന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം ഓംലെറ്റും ബുള്‍സ് ഐയുമാണ്. എന്നാൽ മുട്ട വില ഉയർന്നതോടെ പഴയ വിലയ്ക്ക് നൽകാൻ സാധിക്കില്ല. പക്ഷെ വില ഉയർന്നാൽ കച്ചവടം കുറയുമോ എന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് തട്ടുകടക്കാർ. അതേസമയം ഹോട്ടലുകളില്‍ മുട്ടറോസ്റ്റിന് രണ്ടു മുതല്‍ നാല് രൂപ വരെ വര്‍ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.സംസ്ഥാനത്ത് താറാവ് മുട്ടയ്ക്ക് 13.00 മുതൽ 15.00 രൂപ വരെയാണ് വില. നാടൻ അല്ലെങ്കിൽ കുട്ടനാടൻ താറാവ് മുട്ടകൾക്ക് സാധാരണയായി ഒരേ വിലനിലവാരമാണ്. കടുത്ത ചൂട് കാരണം താറാവ് മുട്ടകളുടെ ലഭ്യത കുറയുമ്പോൾ സാധാരണ വില കൂടാറുള്ളത്. എന്നാൽ കോഴി മുട്ടയുടെ വില കൂടിയതോടെ താറാവ് മുട്ടയുടെ വിലയും കൂടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories