ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ ഇന്നലെ കുമളിയിൽ ജനവാസ മേഖലയ്‌ക്ക് സമീപമെത്തി.കഴിഞ്ഞദിവസം ആകാശദൂരമനുസരിച്ച് കുമളിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെവരെയെത്തിയെങ്കിൽ ഇന്നലെ കുമളി റോസാപ്പൂകണ്ടം ഭാഗത്താണ് ആനയെത്തിയത്.ഇത് വനമേഖലയാണെങ്കിലും ഇവിടെനിന്നും കേവലം 100 മീറ്റർ മാത്രം പിന്നിട്ടാൽ ജനവാസമേഖലയാണ്
ജനവാസ മേഖലയ്‌ക്ക് സമീപമെത്തിയ ആനയെ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ച് തിരികെ കാട്ടിലേക്കോടിച്ചു.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അരിക്കൊമ്പന്‍ റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലക്ക് സമീപമെത്തിയത്. ജിപിഎസ് സിഗ്നലുകളില്‍ നിന്ന് നീക്കം മനസിലാക്കിയ വനപാലകര്‍ ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍, ഫീല്‍ഡ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. ആന നിലവില്‍ റോസാപ്പൂക്കണ്ടം ഭാഗത്തുനിന്നും ഒന്നര കിലോമീറ്റര്‍ അകലെ വന മേഖലയിലാണുള്ളത്. ഇന്നലെ ഉച്ചയോടെ സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ ആന കാട്ടിലേക്ക് തിരികെ പോയി രാത്രിയോടെ തിരികെ ജനവാസ മേഖലയിലേക്കിറങ്ങി വരികയായിരുന്നു. പലതവണ വെടിവെച്ച ശേഷമാണ് ആന വനത്തിനുള്ളിലേക്ക് തിരികെ പോയത്. ആന വീണ്ടും വരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുകയാണ്. ബുധനാഴ്ച രാത്രി കുമളി ജനവാസ മേഖലക്ക് ആറ് കിലോമീറ്റര്‍ അകലെ അരിക്കൊമ്പന്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ജാഗ്രത ഏർപ്പെടുത്തി.