ശബരിമല സ്വർണ്ണക്കവർച്ച കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ തേക്കിൻവാഴകശില്പത്തിലെ സ്വർണ്ണം കവർന്ന കേസിൽ സുധീഷും മുരാരി ബാബുവും ചേർന്ന് ഒത്തുകളിച്ചുവെന്നാണ് ആരോപണം. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ എക്‌സിക്യൂട്ടീവ് ഓഫീസർ ചെയ്യാതെ പകരം ക്ഷേത്രപാലക ശിൽപ്പത്തിലെ സ്വർണ്ണം കവരാൻ ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി മുരാരി ബാബു വ്യാജരേഖ ചമച്ചപ്പോൾ അതിന് ഒത്താശ ചെയ്തത് സുധീഷാണെന്നാണ് കേസ്. മുരാരി ബാബു ചമച്ച വ്യാജരേഖയെ എതിർക്കാതെ ഒത്തുകളിച്ച് പാസാക്കിയെടുക്കാൻ കൂട്ടുനിന്നുവെന്നതാണ് സുധീഷിന്റെ പേരിലുള്ള ഇപ്പോഴത്തെ കുറ്റം.
നേരത്തെ മുൻ പ്രസിഡന്റായിരുന്ന എൻ. വാസുവിന്റെ പേഴ്‌സണൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള സുധീഷ് കുമാർ, ശബരിമലയിലെ ഒട്ടുമിക്ക സ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. സുധീഷ് കുമാറിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയ്ക്ക് ശേഷമായിരുന്നു റിമാൻഡ് ചെയ്യൽ നടപടി. മുരാരി ബാബുവിനായുള്ള കസ്റ്റഡി അപേക്ഷ എസ്.ഐ.ടി.ക്ക് ഇനിയും ലഭിച്ചിട്ടില്ല. നിലവിൽ സുധീഷ് കുമാറിനെതിരെ ഗുരുതരമായ മോഷണക്കുറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കൂട്ടുനിൽക്കൽ, ഗൂഢാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് നിലവിലുള്ളത്.