മംഗളൂരു:കാണാതായ യുവതിയുടെ മൃതദേഹം കുഴൽ കിണറിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലെ ഭാരതി(28)യെയാണ് ഉപയോഗിക്കാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര മാസം മുമ്പ് കാണാതായതായി ഭർത്താവ് വിജയ്, പിതാവ് ഗോവിന്ദപ്പ, മാതാവ് തായമ്മ എന്നിവർ കടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ വിജയും ഭാര്യയും തമ്മിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് അയാൾ കൃഷിയിടത്തിലെ ഉപയോഗിക്കാത്ത കുഴൽകിണറിൽ മൃതദേഹം താഴ്ത്തുകയും ദ്വാരം അടക്കുകയും ചെയ്തു.കുറ്റകൃത്യത്തിൽ ഭർതൃമാതാപിതാക്കൾക്കും പങ്കുള്ളതായി തെളിഞ്ഞു. വിജയ്‌യുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.