മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലാണ് പോസ്റ്ററുകൾ കണ്ടെത്തിയത്. ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി വൈകുന്നേരം മുഖ്യമന്ത്രി ഇതുവഴിയാണ് കടന്നുപോകുന്നത്. പോസ്റ്ററുകൾ പൊലീസ് എത്തി നശിപ്പിച്ചു.
വയനാട്ടിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ ഘാതകരെ ശിക്ഷിക്കുക, കീഴടങ്ങിയിട്ടുള്ള മാവോയിസ്റ്റുകൾക്കായി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കുക, യുഎപിഎ ചുമത്തി തുറങ്കലിലടച്ച പ്രവർത്തകരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. കൂടാതെ, ജനങ്ങളുടെ ചിരകാലാഭിലാഷമായ തുരങ്കപാതയ്ക്കെതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.