Share this Article
News Malayalam 24x7
വോട്ടര്‍പട്ടിക തീവ്ര പരിശോധന; സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഈ മാസം 20ന്
Kerala Voter List Verification: Political Parties to Meet on 20th

സംസ്ഥാനത്തെ വോട്ടർപട്ടികയുടെ തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ഈ മാസം 20ന് ചേരും. നിലവിൽ പട്ടികയിലുള്ളവരെ ഒഴിവാക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സി.പി.ഐ.എം ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കിയേക്കും.


വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് വലിയ ആശങ്കകളാണ് ഉയർത്തിയത്. 2002ലെ വോട്ടർപട്ടികയെ ആധാരമാക്കിയുള്ള പരിശോധനയിൽ 2020ലെ പട്ടികയിൽ നിന്ന് 18 ശതമാനം വോട്ടർമാരെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 2002ൽ 82 ശതമാനം വോട്ടർമാരെ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ 18 ശതമാനം ആളുകൾ എങ്ങനെയാണ് പുറത്തുപോകുന്നതെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.


ഈ വിഷയത്തിൽ വ്യക്തമായ നിലപാട് വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വോട്ടർപട്ടിക പരിശോധനയിൽ രേഖകൾക്കപ്പുറം വ്യക്തികളെ നേരിൽ കണ്ട് തിരിച്ചറിയണം എന്നും, രേഖകൾ ഹാജരാക്കാൻ കഴിയാത്തവരെ അല്ലെങ്കിൽ താമസസ്ഥലത്ത് ഇല്ലാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇന്ത്യയിൽ മുൻപ് ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് തന്റെ പാർലമെന്റ് മണ്ഡലത്തിൽ മാത്രം 1.61 ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ ഇരട്ടവോട്ടുകൾ എങ്ങനെ കണ്ടെത്തും, അവ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കും എന്നതിലൊന്നും വ്യക്തതയില്ല.


ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.) 15 ദിവസത്തിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കാൻ കഴിയുമോ എന്നതിലും സംശയങ്ങളുണ്ട്. ജനുവരിക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നിലനിൽക്കെ, വോട്ടർപട്ടികയിൽ നിന്ന് പേര് നഷ്ടപ്പെടുന്നവർക്ക് വീണ്ടും അതിലേക്ക് കടന്നുവരാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.


വോട്ടർപട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട് ബംഗാളിലുണ്ടായ വലിയ വിവാദങ്ങളും കോടതി ഇടപെടലുകളും ചൂണ്ടിക്കാട്ടി സി.പി.ഐ.എം ഉൾപ്പെടെയുള്ള പാർട്ടികളും നേരത്തെ ആശങ്കകൾ പങ്കുവെച്ചിരുന്നു. വോട്ടർപട്ടിക ശുദ്ധീകരണമെന്ന പേരിൽ നടത്തുന്ന നടപടികൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. 20-ന് നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories