Share this Article
News Malayalam 24x7
വിവാഹം കഴിഞ്ഞിട്ട് 3 മാസം, ലൈംഗിക ശേഷിയില്ലെന്ന് ആരോപിച്ച് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ; പരാതി നല്‍കി ഭര്‍ത്താവ്
വെബ് ടീം
posted on 23-09-2025
1 min read
HUSBAND

ബെംഗളൂരു:വിവാഹ ശേഷം ദമ്പതികൾ തമ്മിൽ അല്ലറ ചില്ലറ വഴക്കുകൾ ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ വഴക്ക് തുടങ്ങി കോടികൾ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ഒടുവിൽ കൈയേറ്റത്തിൽ വരെ എത്തുകയും ചെയ്യുന്നത് അത്ര പതിവല്ല. ബാംഗ്ലൂരുവിലാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തത്. ലൈംഗിക ശേഷിയില്ലെന്ന് ആരോപിച്ച് കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരേ പരാതി നല്‍കിയിരിക്കുകയാണ് ഇവിടെ ഭര്‍ത്താവ്. ബെംഗളൂരു ഗോവിന്ദരാജ് നഗറില്‍ താമസിക്കുന്ന 35-കാരനാണ് പരാതിക്കാരന്‍. കഴിഞ്ഞ മെയിലായിരുന്നു ഇവരുടെ വിവാഹം.വിവാഹശേഷം ഭര്‍ത്താവും ഭാര്യയും ബെംഗളൂരുവിലെ രാജാജി നഗറിലാണ് താമസിച്ചിരുന്നത്. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷവും ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. ഭാര്യയുടെ നിര്‍ബന്ധപ്രകാരം ലൈംഗിക പരിശോധനയ്ക്ക് വിധേയനായി.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് കഴിയുമെന്നും യാതൊരു ശാരീരിക പ്രശ്‌നങ്ങളുമില്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി ഇയാള്‍ പരാതിയില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം കാരണമുള്ള വിമുഖതയാകാം ഇതിന് കാരണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ ഭാര്യയെ ഉപദേശിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.എന്നാല്‍, ദാമ്പത്യപരമായ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നഷ്ടപരിഹാരമായി 2 കോടി രൂപ ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ തര്‍ക്കം വഷളായി.

ഓഗസ്റ്റ് മാസത്തില്‍ തന്റെ വീട്ടില്‍ ഭാര്യയും ബന്ധുക്കളും അതിക്രമിച്ച് കയറി തന്നെയും കുടുംബാംഗങ്ങളെയും കയ്യേറ്റം ചെയ്തതായും ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഗോവിന്ദരാജ്നഗര്‍ പോലീസ് യുവതിക്കും ബന്ധുക്കള്‍ക്കുമെതിരെ കയ്യേറ്റം, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories