Share this Article
News Malayalam 24x7
ഡേറ്റ ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ, ആരോപണവുമായി രമേശ് ചെന്നിത്തല
 Ramesh Chennithala Alleges CM's Office Collecting Employee Data for Election Propaganda

 മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ വീണ്ടും ഡാറ്റാ ചോർച്ച ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) സീറാം സാംബശിവ റാവു വിവിധ വകുപ്പുകൾക്ക് അയച്ച കത്തിന്റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു.

സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് വിവരങ്ങളും കൈകാര്യം ചെയ്യുന്ന 'സ്പാർക്' (SPARK) സോഫ്റ്റ്‌വെയറിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന് (PRD) കൈമാറാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ പേര്, ഫോൺ നമ്പർ, വയസ്സ്, ലിംഗഭേദം, ജില്ല, താലൂക്ക്, വാർഡ് തുടങ്ങിയ വ്യക്തിവിവരങ്ങൾ എക്സൽ ഫോർമാറ്റിൽ നൽകാനാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഗവൺമെന്റ് സർവീസുകൾക്കായി ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ ഭാഗമായി ഒരു 'സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്' (Centralized Notification Hub) വികസിപ്പിക്കാനാണ് ഈ വിവരങ്ങൾ എന്നാണ് ഔദ്യോഗിക വിശദീകരണം.


എന്നാൽ, ജീവനക്കാരുടെ ഡാറ്റ ശേഖരിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യാനാണെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ഇത് സുപ്രീം കോടതി വിധികളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ ഓഫീസിലെ ഒ.എസ്.ഡി ഇത്തരത്തിൽ ഒരു കത്തയക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നേരത്തെ ഹൈക്കോടതി ജഡ്ജിമാരുടെ ഫോണുകളിലേക്ക് പോലും രാഷ്ട്രീയ സന്ദേശങ്ങൾ എത്തിയ സംഭവം ചർച്ചയായിരുന്നു. ഇതെല്ലാം സർക്കാരിന്റെ ഡാറ്റാ ചോർച്ചയുടെ തെളിവുകളാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories