അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് വഴിത്തിരിവായി മറിയ DNA യുടെ ഘടന കണ്ടുപിടിച്ചത് വാട്‌സണ്‍ ആണ്. 1953 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ചേര്‍ന്നാണ് വാട്‌സണ്‍ DNA യുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962 ല്‍ ഇരുവരെയും തേടി നൊബേല്‍ സമ്മാനമെത്തി. 24 -ാം വയസിലാണ് വാടസണ്‍ ഈ കണ്ടുപിടിത്തം നടത്തിയത്. ആധുനിക ജനിതകശാസ്ത്രത്തിനും ജീനുകള്‍ മാറ്റല്‍, ക്രിമിനല്‍ അന്വേഷണങ്ങളില്‍ ഡിഎന്‍എ ഉപയോഗം, മനുഷ്യാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍, വംശപരമ്പര കണ്ടെത്തല്‍ തുടങ്ങിയതിനെല്ലാം പുതിയൊരു വഴി തുറക്കുന്നതായിരുന്നു ആ കണ്ടെത്തല്‍. എന്നാല്‍ പിന്‍കാലത്ത് വിവാദപരമായ പരാമര്‍ശങ്ങള്‍ക്ക് വാട്സണ്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. കറുത്ത വര്‍ഗ്ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണ് എന്ന അധിക്ഷേപകരമായ പരാമര്‍ശം ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ആഗോള തലത്തിലെ പ്രതിഷേധം കാരണം ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം തല്‍സ്ഥാനത്ത് നിന്നും വിരമിക്കുകയും ചെയ്തു.