Share this Article
കൊല്ലത്തുനിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; ഒരു പെൺകുട്ടിയടക്കമുള്ളവരെ കണ്ടെത്തിയത് തീവണ്ടിയില്‍
വെബ് ടീം
posted on 08-08-2023
1 min read

കണ്ണൂര്‍: കൊല്ലത്തുനിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി. കണ്ണൂരില്‍ തീവണ്ടിയില്‍ നിന്നാണ് പിടികൂടിയത് . ഒരു പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളില്‍ കാണാതായതായി പരാതിയുണ്ടെന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നേത്രാവതി എക്‌സ്പ്രസിന്റെ എ.സി. കോച്ചിലേക്ക് (ബി-ആറ്) ഷൊര്‍ണൂരില്‍നിന്ന് ഇവര്‍ ഓടിക്കയറുകയായിരുന്നു. ടിക്കറ്റ് പരിശോധകന്‍ പി.ആര്‍.ശശികുമാര്‍ ഇവരുടെ ടിക്കറ്റ് പരിശോധിച്ചു. തൃശ്ശൂരില്‍നിന്ന് ഗോവയിലേക്കുള്ള സാധാരണ ടിക്കറ്റായിരുന്നു. എ.സി.യില്‍ അധികം നിരക്ക് വരുമെന്നും ജനറല്‍ കോച്ചിലേക്ക് മാറാനും ടി.ടി.ഇ. പറഞ്ഞു.

വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോള്‍ സംശയം തോന്നിയ ടി.ടി.ഇ. വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു. പോലീസ് വിശദമായി സംസാരിച്ചപ്പോഴാണ് മൂന്നുപേരും ഗോവ കാണാന്‍ നാടുവിട്ടതാണെന്ന് മനസ്സിലായത്. കണ്ണൂരിലിറക്കിയ ഇവരെ ചൈല്‍ഡ്ലൈനിന്റെ നിര്‍ദേശപ്രകാരം സംരക്ഷിതകേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. കൊല്ലത്തുനിന്ന് പോലീസ് കണ്ണൂരിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories