 
                                 
                        തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും ലോകായുക്ത തള്ളി. ഇതോടെ ഉപലോകായുക്തമാർക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്.
മുഖ്യമന്ത്രിയും കഴിഞ്ഞ സർക്കാരിലെ  18 മന്ത്രിമാരുമാണ് എതിർ കക്ഷികൾ. എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം അനുവദിച്ചു, മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാന്‍ എട്ടര ലക്ഷം അനുവദിച്ചു, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിവ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നായിരുന്നു കേസ്. 2018 ലാണ് ഹർജ്ജി ഫയൽ ചെയ്തത്. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടർന്ന് ഹർജ്ജി ക്കാരനായ ആര്‍എസ്. ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജ്ജി ഫയൽ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാ തിയിൽ തീരുമാനമെടുക്കുന്നത് മൂന്ന് അംഗ ബെഞ്ചിന് വിടുകയായിരുന്നു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    