സംസ്ഥാനത്ത് നടന്നു വരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള (SIR- Special Intensive Revision) സമയപരിധി ഒരാഴ്ച കൂടി നീട്ടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെയായി.
കരട് വോട്ടർ പട്ടിക ഈ മാസം 23-ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക അടുത്ത വർഷം ഫെബ്രുവരി 21-നാകും പുറത്തിറക്കുക. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശയും പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം.
വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമയം നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് നടപടിക്രമങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകിയത്.