Share this Article
image
തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
Israel intensifies attack on southern Gaza

വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനുശേഷം തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മരണസംഖ്യ 16,000 കടന്നു. കൊല്ലപ്പെട്ടവരില്‍ ഉന്നത ഉദ്യോഗസ്ഥരും.

വെടിനിര്‍ത്തല്‍ കാലാവധി പൂര്‍ത്തിയായാല്‍ യുദ്ധം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാത്രം നൂറു കണക്കിന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരടക്കം ഇന്നലെ ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം 409 ആയി. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.

ദോഹയില്‍ നടന്ന ജിസിസി നേതാക്കളുടെ ഉച്ചകോടിയിലാണ് ആവശ്യം ഉയര്‍ന്നത്. സിവിലിയന്‍ ജനതയെ ലക്ഷ്യം വെച്ചുള്ള ആക്രമണവും വ്യാപകമാണ്. മധ്യ ഗാസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടന്ന ആക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. യുഎന്‍ സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. ഗാസയിലെ സ്ഥിതി ഗുരുതരമായി മാറിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ഇതിനിടെ ഗാസയില്‍ നിന്നും ആളുകളുടെ പലായനം തുടരുന്നു. 

ഗാസയിലെ 35 ആശുപത്രികളില്‍ 26 ആശുപത്രിയും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. ആവശ്യ സാധനങ്ങളുമായുള്ള ട്രക്കുകള്‍ റഫാ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. പ്രത്യാക്രമണത്തില്‍ ഇന്നലെ മാത്രം ഇസ്രയേലിന്റെ 24 സൈനിക വാഹനങ്ങള്‍ തകര്‍ത്തെന്നും നിരവധി സൈനികരെ കൊലപ്പെടുത്തിയെന്നും ഹമാസും വ്യക്തമാക്കുന്നു. ഹമാസിനെ തുരത്തി ബന്ദികളെ മോചിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories