ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷണം ഊർജ്ജിതമാക്കി. ട്രൈ അസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) എന്ന മാരക സ്ഫോടകവസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കണ്ടെത്തൽ. "സാത്താന്റെ അമ്മ" എന്ന് അറിയപ്പെടുന്ന ഈ രാസവസ്തു ചൂടുകൊണ്ടോ ഘർഷണം കൊണ്ടോ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.
ചെങ്കോട്ടയ്ക്ക് സമീപത്തുനിന്ന് മൂന്ന് വെടിയുണ്ടകളും ഒരു ഒഴിഞ്ഞ ഷെല്ലും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിനായി ഉപയോഗിച്ച 30 കിലോ സ്ഫോടകവസ്തു ഒരു കാറിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. കാറിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ അന്വേഷണം ഊർജ്ജിതമാക്കി.
സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയിലെ ഇലക്ട്രീഷ്യൻ, വീടിന്റെ ഉടമസ്ഥൻ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവർ മൊഴി നൽകിയത് പ്രകാരം, ഉമർ നബി എന്നയാളാണ് ഈ സ്ഫോടകവസ്തു നിർമ്മിക്കുന്നതിനും ബോംബ് നിർമ്മാണത്തിനും വിദഗ്ധൻ. കാമ്പസിനുള്ളിൽ താമസിക്കുന്ന ഉമർ നബിയുടെ വീടിന് സമീപത്താണ് സ്ഫോടകവസ്തുക്കൾ പരീക്ഷിക്കുന്നതിനായി ലാബ് സജ്ജീകരിച്ചിരുന്നത്. ഉമർ നബി ക്യാമ്പസിനുള്ളിലെ വാടക വീട്ടിൽ പത്ത് ദിവസത്തോളം താമസിച്ചിരുന്നു.
കൂടാതെ, സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും കണ്ടെത്തി. ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്.
പത്താൻകോട്ടിൽ അറസ്റ്റിലായ ഡോക്ടർ സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ് ഉമർ നബിയുമായി സംസാരിച്ചുവെന്ന വിവരവും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ നൂഹിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്ന് സംശയാസ്പദമായ നമ്പറുകളും കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിലും പരിശോധന നടന്നുവരികയാണ്. ഭീകരൻ ആദിൽ ജോലി ചെയ്തിരുന്ന സഹാറാൻപൂർ ആശുപത്രിയിലും ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും ചെങ്കോട്ടയിലേക്കുള്ള പ്രവേശനം.