പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവന് ഈ വർഷത്തെ നിയമസഭാ പുരസ്കാരം. സാഹിത്യം, കല, സംസ്കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് നിയമസഭാ പുരസ്കാരം. നിയമസഭാ പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐ.എ.എസ്) അംഗമായിരുന്ന എൻ.എസ്. മാധവൻ കേരള സർക്കാർ ധനകാര്യ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുജീവിതത്തിലെ 55 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് കേരള നിയമസഭ എൻ.എസ്. മാധവനെ പുരസ്കാരം നൽകി ആദരിക്കുന്നത്.