ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യത. കേസിലെ എട്ടാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പത്മകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യതയേറുന്നത്.
2017 മുതൽ 2019 വരെ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന കെ.ടി. ശങ്കർദാസ്, പാലോളി വിജയകുമാർ എന്നിവരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
സ്വർണ്ണക്കൊടിമരത്തിന്റെ അടച്ചുകൂട്ടിയ ഭാഗം കേടുപാടുകൾ തീർക്കുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നതായി പത്മകുമാർ മൊഴി നൽകിയിരുന്നു. ഇത് ദേവസ്വം മന്ത്രി അറിഞ്ഞില്ലെങ്കിൽ പോലും, ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഈ സാഹചര്യത്തിൽ ഉന്നതതല ചോദ്യം ചെയ്യലിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.