 
                                 
                        തിരുവനന്തപുരം: ശ്രീനഗറിൽ സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജവാൻ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോഗസ്ഥർ അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീനഗറിൽ നിന്നും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കും. അവിടെ നിന്നും പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾ നൽകുകയും തുടർന്ന് പാങ്ങോട് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയിൽ കൊണ്ടുവരും. തുടർന്ന് വീട്ടുകാരുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം സൈനികരുടെ ഗാർഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്കരിക്കും.  ശിവകുമാർ- ശ്രീജയ ദമ്പതികളുടെ മകനാണ്. അജന്ത ആണ് ഭാര്യ. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്. 
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    