 
                                 
                        തിരുവനന്തപുരം: ലോകോത്തര കലകളുടെ ക്യാൻവാസായി കൊച്ചിയെ മാറ്റുന്ന കൊച്ചി– മുസിരിസ് ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂർ എം പി, ഡോ. വി വേണു എന്നിവർ പങ്കെടുത്തു.
കേരളത്തിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാ പ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലോത്സവുമായ ബിനാലെ കേരള സർക്കാരിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ, ഫിലിം, ഇൻസ്റ്റാളേഷൻ, പെയിന്റിംഗ്, ശിൽപം, നവമാധ്യമങ്ങൾ, പ്രകടന കല എന്നിവ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ കലാസൃഷ്ടികൾ ബിനാലയിൽ പ്രദർശിപ്പിക്കും.
കലാ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.
ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്നിഹിതനായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ വി വേണു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശശി തരൂര്‍ എംപി ഓണ്‍ലൈനായി പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റിമാര്‍, ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    