റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ നെഞ്ചത്ത് റീത്ത് വച്ച് പ്രതിഷേധിച്ച് വനിത സിപിഒ ഉദ്യോഗാർഥികൾ. പ്രതീകാത്മക മൃതദേഹമായി കിടന്നാണ് സമരവേദിക്ക് മുന്നിലെ പ്രതിഷേധം. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഉദ്യോഗാർഥികൾ.
സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 16 ദിവസം പിന്നിടുമ്പോൾ പ്രതീകാത്മക മൃതദേഹമായി കിടന്നായിരുന്നു സമരവേദിക്ക് മുന്നിലെ പ്രതിഷേധം. ഉദ്യോഗാർഥികളായ മൂന്നുപേരുടെ ശരീരത്തിൽ വെള്ളപുതച്ച് റീത്ത് വച്ച് സർക്കാരിനെതിരെ സമരക്കാർ മുദ്രാവാക്യം വിളിച്ചു.
അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശം വേദനിപ്പിച്ചുവെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ആർക്കാണ് അർഹതയെന്ന മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിഷയം പരിഗണിക്കാത്തതോടെ പ്രതീക്ഷ അവസാനിച്ച അവസ്ഥയാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്. ഈ മാസം ഒന്നിനാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതരം സമരമുറകൾ മാറ്റി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
967 പേരുള്ള റാങ്ക് ലിസ്റ്റിൽ 675 പേരെക്കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ സമരം ചെയ്യുന്നത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിൻ്റെ ആവശ്യം. സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവും നിലവിലുണ്ട്.