ഗാസയിൽ സമാധാനക്കരാർ നടപ്പിലാക്കാൻ ഇസ്രായേലും ഹമാസും തമ്മിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് കറാറിന്റെ ആദ്യഘട്ടം നടപ്പിലാക്കാൻ ധാരണയായത്. ബന്ദികളുടെ മോചനവും ഗാസയിൽനിന്നുള്ള സൈനിക പിന്മാറ്റവുമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.
രണ്ടുവർഷത്തോളം നീണ്ട ഗാസയിലെ യുദ്ധം നിരവധിപേരുടെ ജീവനെടുത്തുവെന്നും, ആ ചോദ്യത്തിന് ഇപ്പോൾ അവസാനമാകുന്നുവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഖത്തർ, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ചർച്ചകൾ ഫലം കണ്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ കരാറിന്റെ ആദ്യഘട്ടമായി, ഇസ്രായേൽ പിടികൂടിയ ഹമാസ് അംഗങ്ങളെയും ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെയും അവരുടെ മൃതദേഹങ്ങളും പരസ്പരം കൈമാറും. രണ്ടാമതായി, ഗാസയിൽനിന്നും ഇസ്രായേൽ സൈന്യം ഒരു പ്രത്യേക പോയിന്റിലേക്ക് പിന്മാറും.
ട്രംപിന്റെ ഈ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു. ട്രംപിന് നന്ദിയുണ്ടെന്നും എത്രയും വേഗം ബന്ദികളെ തങ്ങളുടെ നാട്ടുകളിലേക്ക് തിരിച്ചെത്തിക്കുമെന്നും നെതന്യാഹു എക്സിൽ കുറിച്ചു. ഇസ്രായേൽ ക്യാബിനറ്റിന്റെ അനുമതിയോടെ ഉടൻതന്നെ ഈ കരാർ നടപ്പിലാക്കും. ഈ സമാധാനക്കരാർ അറബ് ലോകത്തിനും മുസ്ലീം രാജ്യങ്ങൾക്കും ലോകത്തിനും ഒരു പ്രധാന ദിവസമാണെന്നും ട്രംപ് പ്രസ്താവിച്ചു.