ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഖമേനിയുടെ ഓഫീസും ഔദ്യോഗിക വസതിയും ബോംബിട്ട് തകർക്കുന്ന ഭീകരമായ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. ടെഹ്‌റാനിലെ പ്രധാന സർക്കാർ കെട്ടിടങ്ങളെല്ലാം തകർന്നതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ പ്രതിരോധ മന്ത്രാലയം, ഇന്റലിജൻസ് ആസ്ഥാനം, ആണവോർജ്ജ ഗവേഷണ കേന്ദ്രം (Nuclear Power Research Center), പ്രധാന സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ടെഹ്‌റാനിലെ സെയ്ദ് ഖണ്ഡാൻ, ഖസർ, വനാക് സ്ക്വയർ, മോട്ടഹാരി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) സ്ഥിരീകരിച്ചു.
ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇറാനിലുടനീളം ആശയവിനിമയ സംവിധാനങ്ങൾ തകർന്നു. കഴിഞ്ഞ 24 മണിക്കൂറായി രാജ്യത്ത് ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പോസ്റ്റുകളും വിതരണ കേന്ദ്രങ്ങളും തകർന്നതോടെ തലസ്ഥാന നഗരി ഇരുട്ടിലായി. സാധാരണ നിലയുടെ ഒരു ശതമാനം കണക്റ്റിവിറ്റി മാത്രമാണ് ഇപ്പോൾ ഇറാനിലുള്ളത്.
തിരിച്ചടി ഭയന്ന് ഇസ്രായേലിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ടെൽ അവീവ്, ജറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടെൽ അവീവിലെ ജനവാസ മേഖലകളിൽ നിന്ന് 200-ഓളം പേരെ ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 40-ലധികം കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഒമാനെപ്പോലും വിടാതെ മേഖലയിലുടനീളം സംഘർഷം വ്യാപിക്കുകയാണ്. ഒമാൻ തീരത്ത് ഒരു എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. പശ്ചിമേഷ്യ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും മണിക്കൂറുകളിൽ ഇറാന്റെ ഭാഗത്തുനിന്നും എന്ത് പ്രതികരണമുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.